തെന്നലായ് മാറി ഞാൻ പുനർജനിച്ചു
തടസമില്ലാതെ പറന്നകന്നു
കൂടേതുമില്ലാതെ കുടിയേറി ഞാൻ
രാജ്യമാം രാജ്യങ്ങൾ പറന്നിറങ്ങി
ഭോജ്യമാം ഭോജ്യങ്ങൾ ഭുജിച്ചു നോക്കി
പാസ്സ്‌പോർട്ട് വേണ്ട വിസയും വേണ്ട
ശ്വാസത്തിനുണ്ടോ ദേശബോധം
അതിർത്തിയും പിന്നെ പെരുത്തൊരാർത്തിയും
അർത്ഥബോധമുള്ള മർത്യനെ കാണൂ
നിത്യം ശ്വസിക്കുന്ന ശ്വാസത്തിനോ
കൃത്യമായുദിക്കുന്ന സൂര്യനോ
സത്യം പറയുകിലൊട്ടുമില്ല
പത്യമായുള്ളൊരു ദേശവും കാലവും
ഒന്നായ ഭൂമിയെ പലതായ് മുറിച്ചു നാം
ഭിന്നമാം രാജ്യങ്ങളാക്കി പലവിധം
പിന്നെയും വിഭജിച്ചു വെട്ടിനുറുക്കി നാം
അന്യരായ് മാറാൻ ശ്രമിച്ചു പരസ്പരം
ഒന്നായി മാറേണ്ട സ്വന്തം ഭവനത്തിൽ
അന്യരായ് മാറുന്നു പകൽമാന്യന്മാർ നാം
സ്വപ്നമാണെങ്കിലും തിരിച്ചറിവായതു്
അല്പത്തരമാണീ ഭേദഃ ചിന്തകൾ
ബോധോദയമായ് തീരട്ടെയാ സത്യം
ബോദ്ധ്യം വരുത്തുവാൻ ബുദ്ധനായീടാം
ബുദ്ധിയുണരുന്ന വേളയിൽ തെളിഞ്ഞിടും
ബുദ്ധന്റെ മഹത്തായ ജീവ ദർശനം
അന്യ രായ് ആരു മില്ലയീ ഉലകിൽ
ഭിന്നരല്ലാരുമീ സ്വന്തക്കാർ നാം
സ്നേഹിക്കയീ ഭൂമിയെ തോഴരെ
സ്നേഹമായ് തീരട്ടെ ഇളം തെന്നലായ് നാം
രചന;ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ