പൊരിച്ചെടുത്തോരാ മുട്ടചേർത്തപ്പോൾ
നുരഞ്ഞുപൊന്തിയ രസമുകുളങ്ങളിൽ
രസം പിടിച്ചിരുന്നങ്ങുല്ലസിച്ചപ്പോൾ
തൊട്ടടുത്തയാ പൊളിഞ്ഞ കോലായിൽ
വെട്ടിയിട്ടപോലൊരു പ്രാന്തൻ ??
നുണഞ്ഞുനോക്കുന്നീ കൊതിയോടെന്നെയും
പിച്ചതെണ്ടുന്നവൻ തെരുവിലെ പ്രാന്തൻ
പിഴച്ചുപോയവന്റെ നോട്ടത്തിൽ
കഴിച്ചതെല്ലാം കുഴഞ്ഞുപോയപ്പോൾ
ഒഴിഞ്ഞൊട്ടിയ വയറുനോക്കിയിട്ടവൻ
പിച്ചതെണ്ടി ഒരു ഒരുളക്കായ് പാവം
നിറഞ്ഞു പൊങ്ങിയ ചായക്കോപ്പിലേക്ക്
മുറിഞ്ഞുവീണെന്റെ രണ്ടു തുള്ളികൾ
പുളിരസം നാക്കിലരുചിയായപ്പോൾ
അറിഞ്ഞുഞാനറിയാതെ കരഞ്ഞുപോയെന്ന്
ശിഷ്‌ടാനല്ലെങ്കിലും തെല്ലലിഞ്ഞുപോയ്
കഷ്ടമാമവന്റെ യവസ്ഥ കണ്ടു ഞാൻ
മനസ്സറിഞ്ഞവനൊരു പൊതി വാങ്ങി
ദാനമായി നൽകി മാറി നിന്ന് ഞാൻ
ആർത്തിയോടവൻ തിന്നുതീർക്കുമ്പോൾ
മൂർത്തമാം നന്ദികണ്ടുഞാനാ നയനങ്ങളിൽ
പറഞ്ഞതില്ലവനൊരു നന്ദി വാക്കുപോലുമേ
അറിഞ്ഞുഞാനെങ്കിലും നന്ദിയാ വദനഭംഗിയിൽ
കൃതാര്ഥനായ് പണമടച്ചുമടങ്ങവേ
നിറഞ്ഞിരുന്നെൻ മനവും ഉദരവും
പതിവുപോലുള്ളയാ ഉച്ചയുറക്കത്തിൽ
പതിവ് തെറ്റിച്ചുവന്നു ചിലരന്നു
അമ്പലങ്ങളിൽ നീ ചെയ്ത നൂറുവഴിപാടിലും
മേന്മയുണ്ട് ഉണ്ണീ നീ ചെയ്തൊരാ കൊച്ചു ദാനം
സ്വപ്നങ്ങളിൽ ഞാൻ കണ്ട മുഖങ്ങൾക്ക്
ക്ഷേത്രദേവൻ്റെ തിരു രൂപമായിരുന്നു അത്ഭുതം
പഠിച്ചുപോയന്നു ഞാനിന്നും മറക്കാതെ
പകർത്തീടുവാൻ ശ്രമിക്കുന്ന കൊച്ചുപാഠം
വിശക്കുന്ന വയറിനു ആശ്വാസമേകിയാൽ
വിശുദ്ധരം ദൈവം കൂടെവരുമെന്ന പാഠം
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ