ഇന്നലെ പെയ്ത മഴയിൽ അയാളുടെ കുടിലിൽ
അടുപ്പിന്റെ നെരിപ്പോട് പുകഞ്ഞില്ല
നനവുകൊണ്ടല്ല അടുപ്പിൽപുകയുവാൻ
അടുപ്പത്തുവയ്ക്കുവാൻ കലവറ ശൂന്യമായിരുന്നു
മുക്കുവനായ് പിറന്നാൽ കടലിന്റെ നെഞ്ചിടിപ്പിൽ
ചിലപ്പോൾ വയറിന്റെ മിടിപ്പുകൾ മറക്കേണ്ടിവരും
വിശന്നു കരയുന്ന പൈതലിന് മുഖത്തുനോക്കി
ആശയറ്റു നിൽക്കുന്ന വേളയിൽ
അശനിപാതം പോലെ കേട്ടൊരുവാർത്ത
പ്രളയം പടരുന്നു പട്ടണത്തിൽ
അലിഞ്ഞുപോയൊരു മനവുമായഅയാൾ
ഇനിയും ഓട്ടവീഴാത്ത പഴയവള്ളവുമായ്
ചുണയോടെ തുഴഞ്ഞുപോയ് പ്രളയത്തിലേക്ക്
മുങ്ങിവീഴുന്ന പട്ടണത്തിൻ മക്കളെ
താങ്ങി തുഴകാട്ടി തോണിയിൽ കയറ്റുമ്പോൾ
പട്ടിണിയുടെ പരവേശം മറന്നുപോയയാൾ
അപ്പോളയാളുടെ കൈകളിലെ മീനിന്റെ നാറ്റവും
അയാളുടെ വിയർപ്പിന്റെ കടലിന്റെമണവും
ആരും പരാതി പറഞ്ഞില്ല ആരുമറിഞ്ഞില്ല
കാരണം ജീവനാണല്ലൊ ഏറ്റവും വലിയ സ്വത്ത്
അപ്പോൾ ജീവന്റെ മണമായിരുന്നയാൾക്ക്
അയാൾ മുക്കുവൻ മീനിന്റെ മണമുള്ളവൻ
പക്ഷെ ഹൃദയത്തിൽ നറുമണമുള്ളവൻ
സോദരാ മറന്നതിൽ നിന്നെ അറിയാതേ പോയതിൽ
ഖേദമുണ്ടതിൽ മാപ്പുതരൂ
നീയാണ് ദൈവദൂതൻ നീയാണു മാലാഖ
കത്തുന്ന വയറിന്റെ പശിപ്പുപോലും മറന്നുനീ
കത്തിജ്വലിച്ചു വിളക്കായി പ്രളയത്തിൽ
ഓർക്കുക ഓർമയിൽ പൊൻതൂവലായ് വയ്ക്കുക
ആരുമില്ലാത്ത വേളയിൽ നിൻ ജീവന്
രക്ഷയേകാനെത്തിയ ദൈവദൂതന്മാരെ
അവർ പടുതിയിലാകുന്ന പട്ടിണികാലത്തു
ഒരുനേരമെങ്കിലും സഹായഹസ്തമാകുക
അംബര ചുംബികളായ അമ്പലങ്ങളിലും
പിന്നെ പടുകൂറ്റൻ പള്ളികളിലും
നിശ്ശബ്ദരായ് നേർച്ചകൾ കാണിക്ക വയ്ക്കുമ്പോൾ
ഒരുനേരമെങ്കിലുംനിന്റെ ഉയിരിനെ കാത്ത
കടലമ്മയുടെ അരുമകളെയും ഓർക്കുക
നിന്റെ ജീവനും ജീവനിശ്വാസത്തിനും
അവരുടെ വിയർപ്പിന്റെ പിന്നെ വിശപ്പിന്റെ മണമുണ്ട്
അവരാണ് അതെ അവർമാത്രമാണ്
നിന്നെ കാത്ത ദൈവ ദൂതന്മാർ
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ