അന്ന്

പാടവരമ്പത്തിരുന്നു ഞാൻ
പണ്ടുകണ്ടിരുന്ന പകൽക്കിനാവുകളിൽ
പടുകൂറ്റൻ നഗരങ്ങളായിരുന്നു
നിറം ചാർത്തിയ പകൽച്ചിത്രങ്ങൾ
വരമ്പിലെ മാളത്തിലൊളിച്ചൊരാ മാക്രിയും
പറമ്പിലെ ചീവിടിൻ കരച്ചിലും
ശബ്ദവീചികളാൽ എന്നെ മാടിവിളിച്ചെങ്കിലും
പുച്ഛമായിരുന്നെനിക്ക് എന്നുമവയോട്
പുരോഗമിക്കാത്ത പഴഞ്ചൻ ജീവികൾ
തെളിഞ്ഞ വെള്ളമൊഴുകുന്ന തോട്ടിലും
കുളിര്മയേറിയ കിണറിൻ തെളിനീരിലും
വിലകൽപിച്ചതില്ല ഞാനൊരുനാളും
നിറപ്പകിട്ടാർന്ന പ്ലാസ്റ്റിക് കുപ്പിയിൽ
നിറച്ചുവച്ചൊരാ കളർ വെള്ളത്തിനായ്
കൊതിച്ചിരുന്നു ഞാൻ പുത്തൻ പരിഷ്കാരി
ഇന്ന്
നഗരത്തിന്റെയീ തിരക്കിട്ടയോട്ടത്തിൽ
തളർന്നു വീണൊന്നു മയങ്ങാൻ ശ്രമിക്കുമ്പോൾ
പാതിമയക്കത്തിൽ പതിയെ വരുന്നൊരാ
കിനാവുകളിൽ നിറയുന്നതെൻ ഗ്രാമഭംഗി
വാഹനങ്ങളുടെ അലറിപ്പാച്ചിലുകളിൽ
അസഹ്യമാം ശബ്ദവീചികളിൽ
കൊതിയോടെ തിരയുന്നു ഞാനിന്നും
ആ പഴയ ചീവിടിൻ സംഗീതത്തെ
കുപ്പിവെള്ളത്തിൻ ധാരാളിച്ചകളിൽ
ഒരിറ്റു തെളിനീരിനായ് കൊതിക്കുന്നു കഷ്ടം
നിറഞ്ഞൊഴുകുന്ന കൃത്രിമ ജലധാരകളിൽ
തേടുന്നു ഞാനാ പഴയ ഗ്രാമത്തിൻ ജീവധാരയെ
അറിഞ്ഞില്ലയന്നു ഞാനാ ഗ്രാമത്തിൻ വശ്യഭംഗി
നിറപ്പകിട്ടാർന്നോരാ നന്മ നിറഞ്ഞ ഭംഗി
തിരിച്ചുപിടിക്കാൻ ഇനിയൊരു ശ്രമവുമായ്
തിരിഞ്ഞുനടക്കുകയാണഭികാമ്യം ഇനിയെന്നുമെന്നും
രചന :ജ്യോതിഷ് പിആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ