എന്നും മുടങ്ങാതെ കുളിച്ചു കുട്ടപ്പനായിട്ടു വൈകുന്നേരം ആ ഇലക്ട്രോണിക്സ് ഷോപ്പിലേക്ക് ചുമ്മാതിറങ്ങി എന്തെങ്കിലും വാങ്ങി വരുന്ന അയാളുടെ ശീലത്തിന് അയാളുടെ പ്രവാസത്തോളം തന്നെ പഴക്കമുണ്ടായിരുന്നു ഒരു ദിവസമെങ്കിലും അവളുടെ പാൽ പുഞ്ചിരി കണ്ടില്ലെങ്കിൽ അയാൾക്കുറക്കം വരില്ല എന്നായിത്തുടങ്ങി ...അവളുമായ് എന്തെങ്കിലും ഒരു വാക്ക് മൊഴിഞ്ഞാൽ തന്നെ അയാളുടെ മനസ് സ്വസ്ഥമാകും ...നീണ്ട 10 വര്ഷം കഴിഞ്ഞത് ഇന്നലെ എന്ന പോലെ അയാൾക്കു തോന്നി ...ഇന്ന് പ്രവാസത്തിന്റെ അവസാന ദിവസമാണ് ...ഇനിയുള്ള ജീവിതം നാട്ടിലാക്കാമെന്നു തീരുമാനിച്ചു ...പണ്ടും ഒരുപാടിങ്ങനെ തീരുമാനിച്ചെങ്കിലും ആരോടും പറയാതെ ആ തീരുമാനം മാറ്റിയത് അവളെ കാണാൻ പറ്റില്ലല്ലോ എന്നോർത്തായിരുന്നു ...ആരുമറിയാത്ത ഒരു ഭ്രാന്തമായ പ്രണയം ...തന്റെ അഭിമാന ബോധമാണോ അതോ തന്റെ നിലയ്ക്കും വിലയ്ക്കും കോട്ടം തട്ടുമോ എന്ന പേടിയാണോ അതോ 40കഴിഞ്ഞ തന്റെ ആശങ്കയാണോ അറിയില്ല ...ഈ അറിയാത്ത ചില കാരണങ്ങൾ തന്നെയാണ് അയാളെ അവിവാഹിതനാക്കി നിർത്തിയതും ...അയാൾ നെടുവീർപ്പോടെ ഓർത്തു പോയി .അവൾ ആ ഇലക്ട്രോണിക്സ് കടയിൽ വെള്ളിയാഴ്ച്ച ഒഴിച്ചുള്ള എല്ലാ ദിവസവും കാണും ...സുന്ദരിയാണോ എന്ന് ചോദിച്ചാൽ തന്റെ കണ്ണിൽ അയാൾ ബഹുസുന്ദരിയാണ് ...ശുദ്ധപ്രണയത്തിന്ശരീര അഴകളവുകൾ ഇല്ലല്ലോ ...കാമത്തിനാണ് സത്യത്തിൽ അഴകളവുകൾ മുഖ്യം ...ഏതായാലും വെള്ളിയാഴ്ച്ച അവൾ തട്ടം കൊണ്ട് മുഖം മറക്കാതെ ചെറിയൊരു ഷോപ്പിങ്ങിനു ഇറങ്ങുന്ന തൊട്ടടുത്തുള്ള സുപ്പർമാർകെറ്റിൽ അവളെയും നോക്കി അയാൾ ചുറ്റിപറ്റി നിൽക്കും ..ഒരു നോട്ടം ഒരു പുഞ്ചിരി അത് മതിയായിരുന്നു അയാൾക്ക് ...കൂട്ടത്തിൽ അവളും കല്യാണം കഴിച്ചിട്ടില്ലെന്ന കേട്ടറിവുമായപ്പോൾ ഇഷ്ടം പെരുത്തു ഈ വിധം പ്രണയ പ്രാന്തായി മാറി അയാൾക്ക് .എല്ലാം കഴിഞ്ഞു ഇനി വിട പറഞ്ഞു പോയേ പറ്റൂ ..കമ്പനിയുടെ പ്രൊജക്റ്റ് കഴിഞ്ഞു ..ഇനി നാട്ടിലേക്ക് പോയേ പറ്റൂ ...ഓരോന്നോർത്തു നെടുവീർപ്പിട്ടും അയാൾ പുത്തൻ ഷർട്ടുമിട്ട് അവളുടെ കട ലാക്കാക്കി നടന്നു .അവൾ അവിടെ തന്നെയുണ്ട് .കണ്ടതും ഓടി വന്നു ...സാറിനെന്താ വേണ്ടത് ...അയാൾ ഒരു ഐപാഡ് വാങ്ങി അത് പാക്ക് ചെയ്തു ...ബിൽ ആവശ്യപ്പെട്ടു ...മരുമകന് എന്നോ ആവശ്യപ്പെടുന്നതാണ് ..ഒരു സർപ്രൈസ് ഗിഫ്‌റ്റി ആവട്ടെ എന്ന് കരുതി ...അവളുടെ മനോഹരമായ കൈപ്പടയിൽ അവൾ ബിൽ എഴുതി സ്റ്റാമ്പ് ചെയ്തു ...അയാൾക്ക് നീട്ടി ...പിന്നെ ചോദിച്ചു വെക്കേഷന് പോയിട്ട് എപ്പോൾ വരും ?പെട്ടെന്ന് അയാൾ ഇടറിയ സ്വരത്തോടെ പറഞ്ഞു ഇനി വരില്ല ...നിർത്തി പോവുകയാണ് ..പറഞ്ഞു മുഴുമിപ്പിച്ചോ എന്നതലക്കറിയില്ല ...കണ്ണിൽ നിന്നും കണ്ണുനീർ ചാലുകളായി ഒഴുകി ...ബില്ലിൽ പടർന്നു ...ചമ്മലോടെ അയാൾ ബില്ലിലേക്കു മുഖം കുമ്പിട്ടു ...അപ്പോഴാണ് തന്റെ കണ്ണു നീര് തീർത്ത ചാലുകൾക്കിടയിലൂടെ മറ്റൊരു കണ്ണുനീർ ചാലുകളായി ഒഴുകി ബില്ലിലെ നീല മഷിയെ പരപ്പിച്ചൊഴുകി രണ്ടു കണ്ണു നീര് ചാലുകളും കൂടി ഒരു കൊച്ചരുവി പോലെ ഒഴുകുന്നതായി അയാൾ കണ്ടത് ...ഞെട്ടലോടെ പിന്നെ ചമ്മലോടെ അയാൾ അവളുടെ മുഖത്തേക്ക് നോക്കിയതും ...പൊട്ടിക്കരയുന്ന അവളെയാണ് കണ്ടത് ...കടയിലുള്ളവരും ഷോപ്പിങ്ങിനു വന്നവരുമെല്ലാം സ്തബ്ധരായി നിൽക്കുന്നു ...അയാളാകെ വല്ലാതായി ...മുന്നോട്ട് കുത്തിക്കുവാൻ ശ്രമിച്ചെങ്കിലും കാലുറച്ചതുപോലെ ...പെട്ടെന്നവൾ അയാളുടെ നെഞ്ചിലേക്ക് മുഖമമർത്തി പൊട്ടിക്കരഞ്ഞു ..എന്നോ വറ്റിവരണ്ടു പ്പോയെന്നു അയാൾ കരുതിയ ഏതോ ഒരു വികാരം അവളെ നെഞ്ചോടു മുറുക്കിപ്പിടിക്കുവാൻ അയാളെ നിര്ബന്ധിതനാക്കി ....അപ്പോഴും ആ ബില്ലിലെ കണ്ണുനീർ അരുവികൾ ഒഴുകികൊണ്ടേയിരുന്നു ...
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ